ഇസ്ലാമാബാദ്: തെഹ്രിക് ഇ-താലിബാൻ എന്ന പാക് താലിബാനെതിരേ പാക് സൈന്യം വൻ ഓപ്പറേഷന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അഫ്ഗാനിൽ അതിർത്തിയോടു ചേർന്ന തിറാ താഴ്വരയിൽനിന്ന് ആയിരക്കണക്കിനു പേരെ അനൗദ്യോഗികമായി ഒഴിപ്പിച്ചുമാറ്റുകയാണ്.
എന്നാൽ പാക് ഭരണകൂടം ഓപ്പറേഷന്റെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന അറിയിപ്പ് മോസ്കുകൾ വഴിയാണു നല്കുന്നത്.
പാക് സുരക്ഷാ ഏജൻസികളെ നിരന്തരം ആക്രമിക്കുന്ന തെഹ്രിക് ഇ താലിബാന്റെ ശക്തികേന്ദ്രമാണ് ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ മലയോര മേഖലയായ തിറാ പ്രദേശം. ഇവിടത്തെ നിവാസികൾ കഴിഞ്ഞ ആഴ്ചകളിൽ സമീപ പട്ടണങ്ങളിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയെന്നാണ് റിപ്പോർട്ട്.
കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ചാണ് ഒഴിഞ്ഞുപോക്ക്. മോസ്കിൽനിന്നുള്ള അറിയിപ്പ് പ്രകാരമാണ് സ്ഥലം വിടുന്നതെന്ന് ഇവർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ശൈത്യം താങ്ങാൻ പറ്റാത്തതു മൂലമാണ് ജനങ്ങൾ ഒഴിഞ്ഞുപോകുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞത്. എന്നാൽ, ജനങ്ങളെ മറയാക്കി പ്രവർത്തിക്കുന്ന ഭീകരരെ നേരിടാൻ മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഒഴിപ്പിച്ചുമാറ്റലെന്ന് പാക് സൈനികവൃത്തങ്ങൾ വെളിപ്പെടുത്തി.
ബലൂചിസ്ഥാനിൽ 70 തീവ്രവാദികളെ വധിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ 70 തീവ്രവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷൻ ഇന്നലെയും തുടരുകയായിരുന്നു. പത്ത് സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
108 തീവ്രവാദികളെ വധിച്ചുവെന്നാണ് സുരക്ഷാവൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ 70 തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി അറിയിച്ചു. ബലൂചിസ്ഥാൻ വിമോചന സേന (ബിഎൽഎ) എന്ന വിഘടനവാദ സംഘടനാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പ്രവിശ്യയിലെ 12 സ്ഥലങ്ങളിൽ സുരക്ഷാ സ്ഥാപനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. തീവ്രവാദി ആക്രമണത്തിൽ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.